ഇസ്താംബുള്‍: സിറിയയിലെ കുര്‍ദ് നഗരമായ കൊബാനിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായി തുര്‍ക്കിയില്‍ ആയിരങ്ങള്‍ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ ആറാഴ്ചകളായി കുര്‍ദ് നഗരം ഇസ്ലാമിക് സ്റ്റേറ്റ് (ഐ. എസ്.) ഭീകരര്‍ ഉപരോധിച്ച് വരികയാണ്. തുര്‍ക്കിയിലെ പ്രധാന കുര്‍ദ് അനുകൂല സംഘടനയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്. ഡി. പി.)യാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലു സമാധാനപരമായ പ്രകടനമേ അനുവദിക്കുകയൂള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു.
പതിനയ്യായിരത്തിലധികം വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കുവേണ്ടി ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ദിവസം യു എൻ. റിപ്പോർട്ട്‌ ഉണ്ടായിരുന്നു. ഇറാഖിലും സിറിയയിലും വിദേശത്തുനിന്നുള്ള ഭീകരരുടെ സാന്നിധ്യം മുമ്പില്ലാത്തവിധം കൂടിയതായയും യു എൻ. പറഞ്ഞിരുന്നു.
ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ മുന്നേറ്റത്തോടെ കൊബാനിയില്‍ നിന്ന്‌ 250,000 ത്തോളം അഭയാര്‍ത്ഥികളാണ്‌ കഴിഞ്ഞ സെപ്റ്റംബർ മുതൽ തുര്‍ക്കിയുടെ അതിര്‍ത്തി കടന്നത്‌.