ഷങ്കര്‍-വിക്രം ടീമിന്റെ ഐ തമിഴകത്തെ മാത്രമല്ല ലോകത്താകമാനമുള്ള സിനിമാലോകത്തെ മഹാസംഭവമായി മാറുകയാണ്. സോഷ്യല്‍മീഡിയയിലാകട്ടെ ഐ വിശേഷങ്ങള്‍ വൈറലായി പടരുകയാണ്. 180 കോടി മുടക്കിയ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ആധുനിക കമ്പ്യൂട്ടര്‍ സാങ്കേതികതയില്‍ കാണികളെ ഞെട്ടിക്കുന്നതാണ്. ചൈനയുടെ വിവിധ ഭാഗങ്ങളിലും ചിത്രീകരിച്ചിട്ടുള്ള ഐയുടെ ഒരു ഗാനം ഷൂട്ടുചെയ്യാന്‍ 40 ദിവസമെടുത്തു. സംഘട്ടനരംഗങ്ങളാണ് ഐയുടെ പ്ളസ് പോയിന്റ്. സൈക്കിളിലെ സ്റ്റണ്ടുരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചൈനയിലെ ലോകോത്തര സൈക്കിള്‍ റാലി അംഗങ്ങളും പങ്കെടുത്തു. ഇന്ത്യയിലെ ഒന്നാംനമ്പര്‍ ബോഡിബില്‍ഡര്‍മാരെല്ലാം ഐയില്‍ അഭ്യാസം കാണിക്കുന്നുണ്ട്. വിക്രത്തിന്റെ വേഷപ്പകര്‍ച്ചകളാണ് വേറിട്ടുനില്‍ക്കുന്ന മറ്റൊരു കാര്യം. പന്ത്രണ്ടുമണിക്കൂറോളം മേക്കപ്പിനായി ഒരു താരം ഇരുന്നുകൊടുക്കുന്നത് ലോകറിക്കാഡായിരിക്കും. അതിന്റെ മെച്ചം സിനിമയില്‍ കാണാനുണ്ടുതാനും. വിക്രത്തിന്റെ വിവിധ വേഷങ്ങള്‍ അത്യാകര്‍ഷവും ഇതുവരെ കാണാത്തതരത്തിലുള്ളതുമാണ്. സോഷ്യല്‍നെറ്റ്വര്‍ക്കിലൂടെ ഈ ചിത്രങ്ങള്‍ മിന്നല്‍വേഗത്തിലാണു പടരുന്നത്. മിസ്റ്റര്‍ തമിഴ്നാടായ ലിങ്കേഷന്റെ റോളിലാണു വിക്രം വേഷമിടുന്നതെങ്കിലും ഞെട്ടിക്കുന്ന സസ്പെന്‍സ് സിനിമയുടെ പ്രത്യേകതയാണെന്നു സംവിധായകന്‍ ഷങ്കര്‍ പറയുന്നു. ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നഗറും രജനികാന്തും ചേര്‍ന്നു പുറത്തിറക്കിയതോടെ തന്നെ ഐ ലോകശ്രദ്ധയില്‍ എത്തിയിരുന്നു. എ. ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തിനു മാറ്റത്തിന്റെയും ഹൃദയത്തെ ത്രസിപ്പിക്കുന്നതിന്റെയും മാറ്റുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ജപ്പാന്‍, ചൈനീസ്, തെയ്വാന്‍ ഭാഷകളിലും ഐ പുറത്തിറങ്ങിയിട്ടുണ്ട്.