കൊല്ലം-തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ചു തീരദേശ കപ്പല്‍ സര്‍വീസ് ഫെബ്രുവരി മദ്ധ്യത്തോടെ ആരംഭിക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഡേറ്റ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം( ഇ. ഡി. ഐ) കൊല്ലത്തു സ്ഥാപിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയാണ് പത്തുലക്ഷം രൂപ മുടക്കി ഇ.ഡി. ഐ സംവിധാനം സ്ഥാപിച്ചത്. ഇതോടെ കസ്റ്റംസ് ക്ളിയറന്‍സും മറ്റും ലോകത്തെവിടെയിരുന്നും പരിശോധിക്കാന്‍ കഴി യും. ചരക്കുകപ്പലുകളാണ് തുടക്കത്തില്‍ കൊല്ലം-തൂത്തുക്കുടി തുറമുഖത്തിനിടയില്‍ ഗതാഗതം നടത്തുക. കശുവണ്ടിയുടെ ഈറ്റില്ലമായ കൊല്ലത്തുനിന്നും പുറത്തേക്കും മറ്റിടങ്ങളില്‍നിന്നു കൊല്ലത്തേക്കും കശുവണ്ടി എത്തിക്കുക, തടിയുടെ ഗതാഗതം സുഗമാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തിലുണ്ടാവുക. തൂത്തുക്കുടി പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ അനന്തചന്ദ്രബോസ് വ്യക്തമാക്കിയതാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലത്തെ തുറമുഖ സൌകര്യങ്ങള്‍ അദ്ദേഹം നേരില്‍കണ്ടു വിലയിരുത്തുകയും ചെയ്തു. മറ്റു ഏതൊക്കെ ചരക്കുകള്‍ ഈ തുറമുഖങ്ങള്‍ക്കിടയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നതിനെ സംബന്ധിച്ചു പിന്നാലെ വെളിപ്പെടുത്തും. ആഴ്ചയില്‍ രണ്ടുസര്‍വീസാണുണ്ടാവുക. ഭാവിയില്‍ യാത്രക്കാര്‍ക്കുള്ള സര്‍വീസും തുടങ്ങും. ചെലവുകുറച്ചു ചരക്കുകള്‍ നീക്കുക, പരിസ്ഥിതി സൌഹാര്‍ദമായി ഗതാഗതം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ സര്‍വീസിനു പിന്നിലുള്ള ലക്ഷ്യം. മറ്റു പല തുറമുഖങ്ങളെയും ഇതുപോലെ ഭാവിയില്‍ കൂട്ടിയോജിപ്പിക്കാനുള്ള പരിപാടിയും ആസൂത്രണം ചെയ്തുവരുന്നുണ്ട്.