പാരീസ്‌: ഷാര്‍ലി എബ്‌ദോ വാരികയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടതായി കരുതുന്ന മൂന്നുപേരില്‍ ഒരാള്‍ പോലീസിന്‌ മുന്നില്‍ കീഴടങ്ങി. ഹമീദ്‌ മൊറാദ്‌ എന്ന പതിനെട്ടുകാരനാണ്‌ കീഴടങ്ങിയത്‌. രണ്ട്‌ സഹോദരങ്ങളടക്കം മൂന്നുപേരാണ്‌ ഭീകരാക്രമണം നടത്തിയത്‌.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം നാലുമണിയോടെയാണ്‌ പാരീസിനെ നടുക്കിയ ആക്രമണം നടന്നത്‌. ആക്രമണത്തില്‍ ചീഫ്‌ എഡിറ്ററും നാല്‌ കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രവാചക നിന്ദ ആരോപിച്ചായിരുന്നു മാധ്യമ സ്ഥാപനത്തിനു നേരെ വെടിവെപ്പ്‌ നടത്തിയത്‌. എഡിറ്റോറിയല്‍ മീറ്റിംഗിനിടെയായിരുന്നു ആക്രമണം. പ്രവാചകനുവേണ്ടി ഞങ്ങള്‍ പ്രതികാരം ചെയ്യുന്നതായി പറഞ്ഞായിരുന്നു വെടിവെപ്പ്‌ നടത്തിയത്‌. ആദ്യമായി ഒരു മുസ്ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതായി ചിത്രീകരിക്കുന്ന പ്രമുഖ ഫ്രഞ്ച്‌ നോവലിസ്റ്റിന്റെ പുസ്‌തകം പുറത്തിറങ്ങിയ ദിവസം തന്നെയാണ്‌ സംഭവം നടന്നത്‌.
2011ലും ഷാര്‍ലി എബ്‌ദോയുടെ ഓഫീസിനു നേരെ ബോംബാക്രമണം നടന്നിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ വാരിക പ്രവാചകനെ നിന്ദിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച്‌ വിവാദം സൃഷ്‌ടിച്ചിരുന്നു.