ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സീനിയര്‍ ബി.ജെ.പി നേതാവുമായ എ.ബി വാജ്‌പേയിക്ക്‌ ഭാരതരത്‌ന നല്‍കി ആദരിക്കാന്‍ മന്‍മോഹന്‍സിംഗ്‌ ആഗ്രഹിച്ചിരുന്നതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്‌ജയ്‌ ബാരു.
വാജ്‌പേയിക്കും നരസിംഹറാവുവിനും ഭാരതരത്‌ന നല്‍കണമെന്ന്‌ താന്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറയുന്നു. മന്‍മോഹന്‍സിംഗ്‌ അത്‌ സമ്മതിക്കുകയും ചെയ്‌തതായി ബാരു വെളിപ്പെടുത്തി. എന്നാല്‍ മറ്റു കോണ്‍ഗ്രസ്‌ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാവാം തന്റെ നിര്‍ദ്ദേശം വെളിച്ചം കാണാതെ പോയതെന്നും അദ്ദേഹം പറയുന്നു.
മാധ്യമ ഉപേദഷ്‌ടാവായിരുന്ന കാലത്തെക്കുറിച്ച്‌ ബാരു എഴുതിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്‌തകം വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ്‌ അദ്ദേഹത്തിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ 25നാണ്‌ മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന വാജ്‌പേയിക്ക്‌ നല്‍കിയത്‌.