മാക്‌സ്‌വില്‍ (ഓസ്‌ട്രേലിയ) : മത്സരത്തിനിടെ ക്രിക്കറ്റ്‌ പന്ത്‌ തലയില്‍ കൊണ്ട്‌ അകാലത്തില്‍ പൊലിഞ്ഞ ഓസ്‌ട്രേലിയന്‍ ടെസ്റ്റ്‌ താരം ഫിലിപ്പ്‌ ഹ്യൂസിന്‌ ഓസ്‌ട്രേലിയയും ക്രിക്കറ്റ്‌ ലോകവും കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്‌, മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടെസ്റ്റ്‌ ടീമംഗങ്ങള്‍, മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌, ഷെയ്‌ന്‍ വോണ്‍, ഗ്ലെന്‍ മക്‌ഗ്രാത്‌ തുടങ്ങിയ മുന്‍ ടെസ്റ്റ്‌ താരങ്ങള്‍, ഹ്യൂസിന്റെ ടീമായ ന്യൂസൌത്‌വെയില്‍സ്‌ തുടങ്ങി അയ്യായിരത്തിലേറെ വരുന്ന ജനാവലി സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.
ഹ്യൂസിന്റെ ജന്‍മനാടായ മാക്‌സ്‌വില്‍ ടൌണിലെ ഹൈസ്‌കൂള്‍ ഹാളിലാണ്‌ വികാരനിര്‍ഭരമായ അന്തിമ ചടങ്ങ്‌ നടന്നത്‌. ഹ്യൂസിന്റെ മൃതദേഹം വഹിച്ച പേടകവുമായി ആയിരങ്ങള്‍ മാക്‌സ്‌വില്‍ തെരുവീഥികളിലൂടെ നടന്നു നീങ്ങിയപ്പോള്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ ആളുകള്‍ ടി.വിയിലൂടെ ചടങ്ങ്‌ വീക്ഷിച്ചു.
യൂത്ത്‌ ഗ്രൂപ്പ്‌ ആലപിച്ച `ഫോര്‍ എവര്‍ യംഗ്‌' എന്ന ഗാനത്തോടെയാണ്‌ സംസ്‌കാര ചടങ്ങ്‌ ആരംഭിച്ചത്‌. എല്‍ട്ടന്‍ ജോണിന്റെ സുപ്രസിദ്ധമായ `ഡോണ്‍ട്‌ ലെറ്റ്‌ ദ സണ്‍ ഗോ ഡൌണ്‍ ഓണ്‍ മി' എന്ന ഗാനത്തോടെ സംസ്‌കാര ശുശ്രൂഷകള്‍ അവസാനിച്ചു.
ഓക്ക്‌ മരത്തടിയില്‍ തീര്‍ത്ത തവിട്ടു പേടകത്തിലാണ്‌ ഹ്യൂസ്‌ അന്ത്യ വിശ്രമം കൊണ്ടത്‌. പേടകത്തിനു മുകളില്‍ വലിയ വെളുത്ത പൂച്ചെണ്ട്‌ വച്ചിരുന്നു. പേടകത്തിനു സമീപമായി ഹ്യൂസിന്റെ മാതാപിതാക്കളും സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളും ഇരുന്നു.
ഹ്യൂസിന്റെ ടെസ്റ്റ്‌ ക്യാപ്പും ബാറ്റും പേടകത്തിനു സമീപം വച്ചിരുന്നു. ഫാ. മാക്കല്‍ ആല്‍കോക്ക്‌ റോമന്‍ കാത്തലിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. ഓസീസ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ വിതുമ്പിക്കരഞ്ഞു കൊണ്ടാണ്‌ തന്റെ അനുസ്‌മരണ പ്രഭാഷണം അവസാനിപ്പിച്ചത്‌.
ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിരാട്‌ കോഹ്‌ലി, കോച്ച്‌ ഡങ്കന്‍ ഫ്‌ളെച്ചര്‍, ഡയറക്‌ടര്‍ രവി ശാസ്‌ത്രി എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശം ട്വീറ്റ്‌ ചെയ്‌തു.