വാഷിംഗ്‌ടണ്‍: അമേരിക്കന്‍ സേന മുന്‍ വാഗ്ദാനത്തിനു വിരുദ്ധമായി അടുത്ത വര്‍ഷം കൂടി അഫ്ഗാനില്‍ തുടരും. പ്രസിടന്റ്റ് ബരാക് ഒബാമ രഹസ്യ ഉത്തരവില്‍ ഒപ്പുവെച്ചു.
അടുത്ത വര്‍ഷം ജനുവരി ഒന്നിന് യു എസ്സും സഖ്യ സേനകളും അഫ്ഗാനില്‍ നിന്ന് പിന്മാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പന്ത്രണ്ടായിരം സൈനികര്‍ അഫ്ഗാന്‍ സേനയെ ഭീകര വിരുദ്ധ യുദ്ധങ്ങളില്‍ സഹായിക്കാന്‍ അഫ്ഗാനില്‍ തുടരുമെന്ന് പിന്നീട് നിശ്ചയിച്ചു.
ഇപ്പോള്‍ അമ്പതിനായിരത്തോളം സൈനികര്‍ അവിടെത്തന്നെ ക്യാമ്പ് ചെയ്യുമെന്നാണ് പുതിയ ഉത്തരവില്‍. അവര്‍ക്ക് ഡ്രോണ്‍ അടക്കമുള്ള സര്‍വ്വസന്നാഹങ്ങളും ഉണ്ടാകും. പശ്ചിമേഷ്യയില്‍ ഐസിസ് മുന്നേറുന്ന സാഹചര്യത്തിലാണ് ഒബാമയുടെ ഉത്തരവ് എന്നാണു പൊതു വിശദീകരണം.
അതെ സമയം അഫ്ഗാന്റെ മൂന്നില്‍ രണ്ടു ഭാഗങ്ങളും മര്‍മ്മ പ്രധാന റോഡുകളും ഇപ്പോഴും നിയന്ത്രിക്കുന്നത്‌ താലിബാന്‍--ഗോത്ര നേതാക്കളാണ്. ഇവരുമായി ചര്‍ച്ച വേണമെന്ന് വാദിക്കുന്ന ഒരു വിഭാഗം പുതിയ അഫ്ഗാന്‍ സര്‍ക്കാരിലുണ്ട്‌. വേണ്ടെന്നു വാദിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ മലനിരകളില്‍ കഴിയുന്ന താലിബാന്‍ പോരാളികള്‍ അമേരിക്കന്‍ സേന പിന്മാറിയാല്‍ ഉടന്‍ അഫ്ഗാന്‍ പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ഇത്രയും കാലത്തെ യുദ്ധത്തിനിടയില്‍ ഒരിക്കല്‍ പോലും അഫ്ഗാനില്‍ ഒരു സുസ്ഥിര ജനാധിപത്യ ഭരണത്തിനു ക്രമമുണ്ടാക്കാന്‍ ഇറാക്കിലെന്നത് പോലെ അമേരിക്കക്ക് കഴിഞ്ഞില്ല. എന്നാല്‍ അവരുടെ സേനാബലം ഒരു ഖട്ടത്തില്‍ ഒന്നേകാല്‍ ലക്ഷം വരെ എത്തിയിരുന്നു. പുതിയ പ്രസിടന്റ്റ് അഷ്‌റഫ്‌ ഘാനി ആ സ്ഥിതി പുനസ്ഥാപിക്കണം എന്ന് വാദിക്കുന്ന ആളാണ്‌. താലിബാന്റെ ശക്തി അടുത്തറിയുന്ന അദ്ദേഹം വീണ്ടും അഫ്ഗാന്‍ അവരുടെ പിടിയില്‍ ആവുമെന്നു ന്യായമായും സംശയിക്കുന്നു.
ഇറാക്കിന്റെ അവസ്ഥ അവരെ അതിനു പ്രേരിപ്പിക്കുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് മാത്രമേ അഫ്ഗാനിലെ പുതിയ യു എസ്സ് കമാണ്ടര്‍ ജോണ് കാംബെല്‍ പറഞ്ഞുള്ളൂ .